രാസലഹരിയുമായി ഓട്ടോ ഡ്രൈവർമാരായ മൂന്നുപേർ പിടിയിൽ
May 20, 2023, 09:30 IST

തിരൂർ: റിങ് റോഡ് പരിസരത്ത് ഓട്ടോയിൽ രാസലഹരി ഉപയോഗിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർമാരായ മൂന്നുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ വലിയവീട്ടിൽ ആബിദ് അലി (38), വെട്ടം സ്വദേശികളായ കുട്ടൻപള്ളി മുഹമ്മദ് അർഷദ് (28), രായിൻ മരക്കാരകത്ത് തമീം (35) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി നടന്ന പ്രത്യേക പരിശോധനക്കിടെ പോലീസ് പിടികൂടിയത്.
പൊലീസിനെ കണ്ട് കൈവശം വെച്ച് ഉപയോഗിക്കുകയായിരുന്ന മയക്കുമരുന്ന് പ്രതികളിലൊരാൾ ചെളിയിൽ ഉപേക്ഷിച്ചു. ഇത് കണ്ട് പരിശോധന നടത്തിയതോടെ ഓട്ടോയിൽ നിന്ന് ഒരു പാക്കറ്റ് രാസലഹരി കണ്ടെത്തുകയായിരുന്നു.
പ്രതികളുടെ മൂന്ന് ഓട്ടോകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരൂർ സി.ഐ എം.ജെ. ജിജോ, എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ രതീഷ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.