ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിൽ മാലിന്യം നിക്ഷേപിക്കാനെത്തിയവരെ പിടികൂടി
May 25, 2023, 21:41 IST

കരുമാല്ലൂർ: തട്ടാംപടി - നീറിക്കോട് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിൽ മാലിന്യം നിക്ഷേപിക്കാനെത്തിയവരെ നാട്ടുകാർ പിടികൂടി. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ന് പച്ചക്കറി അവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലുവിനെ അറിയിക്കുകയായിരുന്നു. പ്രസിഡൻറ് ആവശ്യപ്പെട്ടതനുസരിച്ച് ആലുവ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി വാഹനവും മാലിന്യം കൊണ്ടുവന്നവരെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
10ാം വാർഡിൽ വയലോടം പ്രദേശത്ത് ചാക്കുകെട്ടിൽ നിറച്ച മാലിന്യം സൈക്കിളിൽ കൊണ്ടുവന്നിട്ട ആളെയും പിടികൂടി കേസെടുത്തിട്ടുണ്ട്.