ടൂറിസ്റ്റ് വാഹനങ്ങളിൽ മോഷണം പതിവാകുന്നു, കർണാടക സ്വദേശികൾ പിടിയിൽ
Mar 18, 2023, 20:04 IST

ഗൂഡല്ലൂർ: ടൂറിസ്റ്റ് വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് ലാപ്ടോപ്പും മറ്റു വിലമതിക്കുന്ന വസ്തുക്കളും മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. സംഘത്തിലെ കണ്ണികളെ കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഊട്ടിക്ക് പുറമെയുള്ള പൈക്കാറ, ലേംസ് പാർക്ക്, പൈൻ ഫോറസ്റ്റ് പോലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്ന് പണവും ലാപ്ടോപ്പുകളും സെൽഫോണുകളും മോഷണം പോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് സംഘത്തെ പിടികൂടാൻ ഊട്ടി ടൗൺ ഡിവൈ.എസ്.പി യശോദയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മണികുമാർ, എസ്.ഐ കനകരാജ്, കോൺസ്റ്റബിൾമാഎന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം വേഗത്തിലാക്കിയത്. ബൈക്കിലെത്തിയ രണ്ടുപേർ കണ്ണാടി ചില്ലു തകർത്ത് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന കാമറയാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. യുവാക്കളെ ടൂറിസ്റ്റ് ഗൈഡുകൾ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. മോഷ്ടാക്കളായ യുവാക്കൾ കർണാടക സ്വദേശികളാണെന്നും മോഷ്ടിച്ച വസ്തുക്കൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർക്ക് പിന്നിൽ വൻകിട മോഷണസംഘം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.