Times Kerala

 ടെലിഫോൺ എക്‌സ്‌ചേഞ്ച് കേന്ദ്രീകരിച്ച് മോഷണം; ഒരാൾ കൂടി അറസ്റ്റിൽ

 
 ടെലിഫോൺ എക്‌സ്‌ചേഞ്ച് കേന്ദ്രീകരിച്ച് മോഷണം; ഒരാൾ കൂടി അറസ്റ്റിൽ
ഇരിട്ടി: ജില്ലയിലെ ടെലിഫോൺ എക്സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിൽ കൂട്ടുപ്രതിയെ ബംഗളൂരുവിൽ നിന്ന് ഇരിട്ടി പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരു ഫാറുഖിയ നഗറിലെ സെബിയുല്ലയെയാണ് (35) ഇരിട്ടി സി.ഐ പി.കെ. ജിജേഷും സംഘവും പിടികൂടിയത്. പൂട്ടിക്കിടന്ന ബി.എസ്.എൻ.എൽ കിളിയന്തറ എക്സ്‌ചേഞ്ചിൽ നിന്ന് വിലപിടിപ്പുള്ള ചിപ്പുകൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 26നാണ് പ്രതികൾ മോഷണം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്ത ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ തിരഞ്ഞെടുത്താണ് ഇവർ മോഷണം നടത്തിയത്.

സി.സി.ടി.വിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒന്നാം പ്രതി ചാന്ദ്പാഷയെ (44) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ തെളിവെടുപ്പിനായി ബംഗളൂരുവിൽ എത്തിച്ചപ്പോഴാണ് കൂട്ടുപ്രതി സെബിയുല്ല പിടിയിലാകുന്നത്. മോഷണം പോയ ചിപ്പുകൾ മുഴുവനായി കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story