യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു : പ്രതികൾ അറസ്റ്റിൽ
Thu, 16 Mar 2023

കൊല്ലം: യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് കാളച്ചേഴത്ത് വിജിത്ത്(29), വാറുകാവ് കലയാക്കോട്ട് പടിഞ്ഞാറ്റതിൽ എൻ.എൻ നിവാസിൽ നിഥിൻ(28) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ശക്തികുളങ്ങര തറയിൽപടിഞ്ഞാറ്റതിൽ ആകാശിനെയാണ് പ്രതികൾ മാരകമായി പരിക്കേൽപ്പിച്ചത്. മുൻവിരോധം നിമിത്തം ആകാശിനെ വീടിന് മുന്നിൽ വിജിത്തും നിഥിനും ചേർന്ന് തടഞ്ഞു നിർത്തി ഇരുമ്പ് കമ്പി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആകാശിനെ വിജിത്തിന്റെ പിതാവ് ജോസ് റിച്ചാർഡ് കാലിൽ വടിവാളിന് വെട്ടി വീഴ്ത്തുകയും പിൻതുടർന്നെത്തിയ മറ്റ് പ്രതികൾ കമ്പി വടി ഉപയോഗിച്ച് അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ രഹസ്യമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിലാണ് നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പിടിയിലായത്.