നിരവധി കേസിലുൾപ്പെട്ട യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു
May 24, 2023, 10:42 IST

കോഴിക്കോട്: സ്ഥിരമായി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടയാളെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. പരപ്പിൽ സ്വദേശി ചാപ്പയിൽ തലനാർതൊടിക ഷഫീഖ് നിവാസിൽ കെ.ടി. അർഫാനെയാണ് (21) ജയിലിലടച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.
സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു സമർപ്പിച്ച കാപ്പ നിയമപ്രകാരമുള്ള ശുപാർശയിൽ ജില്ല കലക്ടർ എ. ഗീത തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
തുടർന്ന് തിങ്കളാഴ്ച ടൗൺ പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അർഫാനെ അറസ്റ്റ് ചെയ്യുകയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു.