സംസ്ഥാനത്തിന്റെ അക്കാദമിക നിലവാരം ഉയർന്നു; മുഖ്യമന്ത്രി

നമ്മുടെ കുട്ടികൾക്ക് കൃത്യമായ ചരിത്രബോധം ഉണ്ടാക്കണം. അതിന് വേണ്ടിയുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. മതനിരപേക്ഷത, ജനാധിപത്യം എന്നിവ പഠിപ്പിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, രാജ്യത്ത് ചരിത്രത്തെ ചിലർ വളച്ചൊടിക്കുന്നു. മഹാത്മാഗാന്ധിയെ കൊന്നതാണെന്നത് മറച്ചുവെക്കുന്നു. ഗോഡ്സെക്ക് അമ്പലം പണിയുന്ന ഒരു കൂട്ടരെ നമ്മൾ കണ്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽനിന്ന് ഒരു വിഭാഗം മാറിനിന്നു. സംസ്ഥാനത്തെ അക്കാദമിക നിലവാരത്തിന് അനുസൃതമായ രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. എല്ലാ വിഭാഗം കുഞ്ഞുങ്ങൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കും. കേന്ദ്രസർക്കാർ വേണ്ട എന്ന് പറഞ്ഞ പാഠഭാഗങ്ങൾ കേരളത്തിൽ ഉൾകൊള്ളിക്കും. ഇത് കേരളമാണ്, മതനിരപേക്ഷതയുടെ വിളനിലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.