ജനവാസ മേഖലയിൽ നിന്ന് മാറാതെ അരിക്കൊമ്പൻ; ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം

തേനി: തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിൽ നിന്ന് പിന്മാറാതെ അരികൊമ്പൻ. വനമേഖലയിൽ നിന്ന് മാറി, തമിഴ്നാട് കുതിരവട്ടി പ്രദേശത്തെ മഞ്ചോല എസ്റ്റേറ്റ് ഭാഗത്താണ് അരിക്കൊമ്പൻ നിൽക്കുന്നത്. രണ്ടായിരത്തിലേറെ തോട്ടം തൊഴിലാളികൾ വസിക്കുന്ന മേഖലയാണ് ഇത്. ജനവാസമേഖലയിൽ തുടരുന്ന അരിക്കൊമ്പനെ തിരികെ ഉൾക്കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് വനം വകുപ്പ്. നിലവിൽ മാഞ്ചോല ഊത്ത് പത്താം കാടിലാണ് അരികൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഒപ്പം ആനക്കൂട്ടവും ഉള്ളതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു.

വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്. നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവേടിവച്ച് പിടികൂടില്ലെന്നും കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. മേഖലയിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സ്കൂളിന് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.