സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടു : ഡെപ്യൂട്ടി സ്പീക്കര്‍

.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണത്തില്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടുവെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് 97 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തപ്പോള്‍ അതില്‍ ഉള്‍പ്പെട്ട അടൂര്‍ കിഴക്കുപുറം ഗവ. ജിഎച്ച്എസ്എസിന്റെ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കുന്നതിനൊപ്പം അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേകം പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, എസ്എംസി ചെയര്‍മാന്‍ എം.സജി , എഇഒ സീമ ദാസ്, പിടിഎ പ്രസിഡന്റ് വി ബിജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജയകുമാര്‍, വി.എസ് ജയകൃഷ്ണന്‍, ഉഷ ഗോപിനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
കണ്ണൂര്‍ ധര്‍മടം മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പങ്കെടുത്തു. ചടങ്ങില്‍ മൂന്ന് ടിങ്കറിങ് ലാബുകള്‍ കൂടി ഉദ്ഘാടനം ചെയ്തു.