നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന് ഇപി

ജനാധിപത്യപരമായും ചട്ടപ്രകാരവും പ്രവർത്തിക്കേണ്ട നിയമസഭയെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ അക്രമകേന്ദ്രമാക്കാൻ ശ്രമിക്കുന്നു. സ്പീക്കറെ അക്രമിക്കാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞതിന്റെ പേരിലാണ് ചീഫ് മാർഷൽ മുഹമ്മദ് ഹുസൈൻ അടക്കം ഏഴു വാച്ച് ആൻഡ് വാർഡ് അംഗങ്ങളെ യുഡിഎഫ് എംഎൽഎമാർ അക്രമിച്ചത്. അവർ ആശുപത്രിയിലാണ്.
വകുപ്പ് തിരിച്ച് ധനാഭ്യർഥന ചർച്ചയും വോട്ടിനിടലുമടക്കം ഗൗരവമേറിയ നടപടികൾ നിയമസഭയിൽ നടക്കുമ്പോൾ ഇല്ലാത്ത പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ച് അക്രമം നടത്തുന്നത് പ്രതിപക്ഷത്തിന്റെ തികഞ്ഞ പരാജയമാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ അക്രമത്തെ ന്യായീകരിക്കാൻ ചില മാധ്യമങ്ങളെ കൂട്ടു പിടിച്ച് നടത്തിയ നുണപ്രചാരണവും പൊളിഞ്ഞു. തന്നെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തുറന്നുപറച്ചിൽ തന്നെ അതിന് തെളിവാണ്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും ജനപിന്തുണ കിട്ടാതെ പ്രതിപക്ഷ സമരങ്ങൾ പൊളിയുന്നതിലുമുള്ള ജാള്യമാണ് സഭാസമ്മേളനത്തെ അലങ്കോലമാക്കുന്നതിനു പിന്നിൽ. നിയമസഭയിൽ കേട്ടുകേൾവി ഇല്ലാത്തവിധമാണ് സ്പീക്കർക്ക് നേരെയുള്ള അക്രമണമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.