Times Kerala

 ഭൂപരിഷ്‌കരണനിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

 
 ഭൂപരിഷ്‌കരണനിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
 കോട്ടയം: ഭൂപരിഷ്‌കരണനിയമങ്ങളെക്കുറിച്ച് റവന്യൂ ഉദ്യോഗസ്ഥർക്കായി പരിശീലനപരിപാടി സംഘടിപ്പിച്ചു. കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ നടന്ന പരിശീലനം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. ഭൂമിയില്ലാത്ത നൂറുപേർക്കെങ്കിലും ഭൂമി കണ്ടെത്തിക്കൊടുക്കാൻ ഉദ്യോഗസ്ഥർക്കു സാധിക്കണമെന്നു ജില്ലാ കളക്ടർ പറഞ്ഞു. വർഷങ്ങളായി തീർപ്പുകൽപ്പിക്കാത്ത ഫയലുകളിൽ നടപടികളെടുക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ ഭയന്നു മാറിനിൽക്കരുത്. കോടതികളുടെ സ്‌റ്റേ പോലുള്ള നടപടികൾ ഇല്ലാത്ത ലാൻഡ് ബോർഡിനു മുന്നിലുള്ള ഫയലുകളിൽ നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
സോണൽ ലാൻഡ് ബോർഡിന്റെ കീഴിലുള്ള ആറു ജില്ലകളിലെ ഉദ്യോഗസ്ഥർക്കാണ്  തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എൽ.ഡി.എം) നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചത്. തിരുവന്തപുരം, കൊല്ലം, പത്തനതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.
ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ചു. സറ്റേറ്റ് ലാൻഡ് ബോർഡ് അസിസ്റ്റന്റ് സെക്രട്ടറിയും ഡെപ്യൂട്ടി കളക്ടറുമായ സാം ക്ലീറ്റസ് മുഖ്യാതിഥി ആയിരുന്നു.  കോട്ടയം സോണൽ ലാൻഡ് ബോർഡ് ചെയർമാൻ എസ്. സനിൽകുമാർ, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദുമോൾ, എൽ.എ. ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യദേവി, ഹുസുർ ശിരസ്തദാർ എസ്.എൻ. അനിൽകുമാർ എന്നിവർ പങ്കെടുത്തു. മൂന്നുസെഷനുകളിലായി നടന്ന പരിശീലനത്തിൽ സാം ക്ലീറ്റസ്, വി. സന്തോഷ്‌കുമാർ, എം.എസ്. ജയൻ എന്നിവർ ക്ലാസുകൾ നയിച്ചു.

Related Topics

Share this story