പോർച്ചിൽ കിടന്ന കാർകത്തി നശിച്ചു
May 26, 2023, 13:38 IST

മംഗലപുരം: വീടിന്റെ പോർച്ചിൽ കിടന്ന കാർ കത്തി നശിച്ചു. ബുധനാഴ്ച രാത്രി 11.30 ടെയായിരുന്നു സംഭവം നടന്നത്. ചെമ്പകമംഗലം കാരികുഴി ശിവശൈലത്തിൽ അനുരാജിന്റെ മാരുതി ബ്രെസ കാറാണ് അഗ്നിക്കിരയായത്. അനുരാജ് നാലു ദിവസമായി ജോലി സംബന്ധമായി ചെന്നൈയിലായിരുന്നു. അയൽക്കാരാണ് കാറിന് തീ പിടിക്കുന്നത് കണ്ടത്. ഉടൻ ഫയർ ഫോഴ്സിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു.
തീ പിടിത്തത്തിൽ കാർ പോർച്ചിനോട് ചേർന്നുള്ള ജനലുകളും കത്തി നശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.