കളളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം; ആത്മഹത്യാ ഭീഷണിയുമായി യുവാവ്
May 25, 2023, 17:10 IST

ഇടുക്കി: കളളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാവ്. കണ്ണംപടി മുല്ല പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജി(24) ആണ് കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുന്പിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. പോലീസും ഫയര്‍ ഫോഴ്സും ഇവിടെയെത്തി ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
സരുണിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ സസ്പെന്‍ഷനില്‍ ആയിരുന്ന മുഴുവന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ സരുണ്‍ ഉപ്പുതറ പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് സരുണിനെ ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയില്‍ എടുക്കുന്നതും തുടർന്ന് റിമാന്‍ഡ് ചെയ്യുന്നതും. പത്ത് ദിവസത്തോളം ഇയാള്‍ ജയിലിലായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് തെളിയുകയായിരുന്നു.