Times Kerala

പാട്ടുലോകത്തിന്റെ ഇഷ്ട ഗായിക; വാണിയമ്മയുടെ ഓർമകൾക്ക് ഒരു വയസ്സ്!

 
പാട്ടുലോകത്തിന്റെ ഇഷ്ട ഗായിക; വാണിയമ്മയുടെ ഓർമകൾക്ക് ഒരു വയസ്സ്!
മധുര പതിനേഴിന്റെ ചെറുപ്പത്തോടെ എക്കാലവും പാട്ടുകൾ പാടിക്കൊണ്ടേയിരുന്ന പാട്ടുലോകത്തിന്റെ ഇഷ്ട ഗായിക വാണി ജയറാം പറന്നകന്നിട്ട് ഒരു വർഷം തികയുന്നു. ആ സ്വരത്തിന് എന്നും യുവത്വത്തിന്റെ ശോഭയായിരുന്നു. അഞ്ചാം വയസ്സിൽ ഗുരുവായ അയ്യങ്കാർ പറഞ്ഞു കൊടുത്ത ദീക്ഷിതർ കൃതികൾ പെട്ടെന്നു പഠിച്ചെടുത്തു കൊണ്ട് അദ്‌ഭുതപ്പെടുത്തിയ ഗായിക, എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തിന്റെ വഴിയിലേക്കു വന്നത്. 5 പതിറ്റാണ്ടുകൾക്കു മുൻപ് ‘ഗുഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീതസംവിധായകൻ വസന്ത് ദേശായിയാണ് ഗായികയെ കലാരംഗത്തിനു പരിചയപ്പെടുത്തിയത്. ആ യുവ സ്വരത്തെ പിന്നീട് നൗഷാദ്, മദൻ മോഹൻ, ആർ.ഡി.ബർമൻ, ഒ.പി.നയ്യാർ, ലക്ഷ്‌മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്‌ജി, ജയദേവ് തുടങ്ങിയ മുൻനിര സംഗീതസംവിധായകരൊക്കെ പാടിച്ചു. എന്നാൽ, ചെന്നൈയിലേക്കു താമസം മാറ്റിയതോടെ വാണി ബോളിവുഡിൽ നിന്ന് അകന്നു. അതു മലയാളത്തിനും തമിഴിനും തെലുങ്കിനും ഭാഗ്യമായി. സ്വയം മുൻകയ്യെടുത്തു സ്ഥാപിച്ച ‘ജയ് വാണി ട്രസ്റ്റി’ലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും വാണി സജീവമായി രംഗത്തുണ്ടായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഗായികയായ വാണി ജയറാമായിത്തന്നെ ജീവിക്കണമെന്നതായിരുന്നു അവരുടെ ആഗ്രഹം. 

Related Topics

Share this story