സഹകരണ ബാങ്കുകളെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സ൪ക്കാ൪ ചെയ്യുന്നത് ; മന്ത്രി വി.എൻ. വാസവൻ

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമുള്ള സഹകരണ ബാങ്കുകളെ തകർക്കുന്ന സമീപനമാണ് ഇവിടെ ഉപയോഗിച്ച് കേന്ദ്ര സ൪ക്കാ൪ ചെയ്യുന്നതെന്നു മന്ത്രി വി. എൻ. വാസവൻ. ശക്തമായ ഭരണസമിതിയും, കാര്യക്ഷമമായ ഉദ്യോഗസ്ഥവൃന്ദവുമാണ് ഓരോ സഹകരണ സംഘത്തിന്റെയും ശക്തി. സഹകരണമേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. 1.86 ലക്ഷം കോടി രൂപ വായ്പ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തെ ബാങ്കിംഗ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറെ സഹകരണ ബാങ്കുകളാണു കൈകാര്യം ചെയ്യുന്നത്.

സഹകരണ മേഖലയിലാകെ കള്ളപ്പണം എന്ന തെറ്റായ സന്ദേശം നൽകി ഈ മേഖല പടുത്തുയർത്തിയ വിശ്വാസത്തെ തകർക്കുകയാണ്ണു ലക്ഷ്യം. കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ട് എന്ന് നോട്ടു നിരോധനകാലത്ത് ഉയർന്നു വന്ന ആരോപണങ്ങളെല്ലാം തന്നെ അന്ന് നബാർഡ്, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവയൊക്കെ വിശദമായ പരിശോധന നടത്തി ഒരു പ്രശ്നവും കണ്ടെത്താനായില്ലെന്നും ഇപ്പോൾ കരുവന്നൂരിൽ നടന്ന കേസിന്റെ പിന്നാലെ നടത്തുന്ന പരിശോധന പരമ്പരകൾ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താത്പര്യക്കാർ നടത്തുന്ന കുപ്രചാരണമാണ് ഇപ്പോൾ ഇഡി ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.