Times Kerala

എല്ലാവർക്കും സ്പോർട്സ്, എല്ലാവർക്കും ആരോഗ്യം എന്നതാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹ്മാൻ

 
നിയുക്ത മന്ത്രി വി അബ്ദുറഹ്മാൻ ആശുപത്രി വിട്ടു

എല്ലാവർക്കും സ്പോർട്സ് എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം വച്ചാണ് സർക്കാർ പുതിയ കായിക നയം രൂപപ്പെടുത്തിയതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ആര്യനാട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച ഡോ: എപിജെ അബ്ദുൽ കലാം സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവർക്കും സ്പോർട്സ് എന്ന ലക്ഷ്യം കൈവരിക്കാൻ ഏറ്റവും ഫലപ്രദം വികേന്ദ്രീകരണമാണ്.

പഞ്ചായത്തുകൾക്കാണ് ഇതിൽ ഏറ്റവും പ്രാധാന്യം. കായിക സാക്ഷരത, കമ്മ്യൂണിറ്റി സ്പോർട്സ് എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കളിക്കളം ഉണ്ടാകണമെന്ന നിർബന്ധം സർക്കാരിനുണ്ട്. ഇതുവഴി സ്വന്തമായി കളിക്കളം ഇല്ലാത്ത 450 പഞ്ചായത്തുകളിൽ ഒരു കോടി രൂപ വീതം ചെലവിൽ പുതുതായി കളിക്കളങ്ങൾ നിർമ്മിക്കുകയാണ്. ഒന്നാം ഘട്ടമായി 124 ഇടങ്ങളിൽ അനുമതി നൽകി കഴിഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മൈക്രോ സ്പോർട്സ് സമ്മിറ്റുകൾ നടത്തിയിരുന്നു. 650 തദ്ദേശസ്ഥാപന സ്പോർട്സ് കൗൺസിലുകൾ ഈ സമ്മിറ്റുകൾ പൂർത്തിയാക്കി. പ്രാദേശിക കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. യുവാക്കളെയും വനിതകളെയും കായിക രംഗത്തേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story