Times Kerala

അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ജനാധിപത്യവത്ക്കരിക്കണം: മന്ത്രി എം.ബി രാജേഷ് സംസ്ഥാന അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു

 
ggr

അധ്യാപക വിദ്യാര്‍ത്ഥി ബന്ധവും ക്ലാസ് മുറികളും ജനാധിപത്യവത്ക്കരിക്കണമെന്നും അധ്യാപകന്‍ ജനാധിപത്യവത്ക്കരണത്തിന് വിധേയമാവണമെന്നും തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

 ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംസ്ഥാനതല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിവരം, വ്യാഖ്യാനം, വിമര്‍ശനം എന്നിവ ചേരുമ്പോഴാണ് അറിവ് ആകുന്നത്. അറിവന്വേഷണത്തിന് കുട്ടികള്‍ക്കൊപ്പം നേതൃത്വം നല്‍കലാണ് അധ്യാപകന്റെ ജോലി. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നവരും വിമര്‍ശനാത്മകമായ ചിന്തയുണ്ടാക്കുന്നവരുമാണ് മികച്ച അധ്യാപകര്‍.അധ്യാപകരും കുട്ടികളും ഒന്നിച്ച് വിവരത്തെ വിമര്‍ശനപരമായി വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും അതില്‍ നിന്ന് പുതിയ അറിവുകളിലേക്ക് മുന്നേറുകയും ചെയ്യണം. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന നിര്‍ഭയരായ കുട്ടികള്‍ ഉണ്ടാവുക എന്നത് പ്രധാനമാണ്. സ്‌നേഹവും സൗന്ദര്യവും പഠിപ്പിക്കലാണ് വിദ്യാഭ്യാസം. സ്വാതന്ത്ര്യവും നിര്‍ഭയത്വവും ഉണ്ടാവുമ്പോഴാണ് സ്‌നേഹവും സൗന്ദര്യവും പഠിപ്പിക്കാന്‍ സാധിക്കുകയെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളില്‍ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയകളെ ചെറുക്കാന്‍ അധ്യാപകരും പി.ടി.എ ഭാരവാഹികളും ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണം, പി.ടി.എ അവാര്‍ഡ് വിതരണം, വിദ്യാരംഗം അധ്യാപക സാഹിത്യമത്സരം അവാര്‍ഡ് വിതരണം എന്നിവ നടന്നു.ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളില്‍ അഞ്ച് പേര്‍ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാല് പേര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒരാള്‍ക്കുമാണ് അവാര്‍ഡ്. പരിപാടിയില്‍ മികച്ച സ്‌കൂള്‍ പി.ടി.എകള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തില്‍ അഞ്ച് സ്‌കൂളിനാണ് അവാര്‍ഡ്.

Related Topics

Share this story