സ്വർണമാല കവർന്ന തമിഴ് സംഘം പിടിയിൽ

വലിയതുറ: മത്സ്യവിൽപനക്കാരിയുടെ രണ്ടരപവൻ സ്വർണമാല കവർന്ന തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ വലിയതുറ പൊലീസ് പിടികൂടി. തൂത്തുക്കുടി അണ്ണാ നഗർ ഹൗസ് നമ്പർ 13ൽ അബിന (36), കോവിൽപ്പെട്ടി മന്തിത്തോപ്പ് രാജഗോപാൽ നഗർ സ്വദേശിനി മീന (34) എന്നിവരെയാണ് പിടികൂടിയത്. വലിയതുറ സ്വദേശിനി മെറ്റിൽഡയുടെ (60) സ്വർണമാലയാണ് പ്രതികൾ കവർന്നത്. കഴിഞ്ഞദിവസം കിഴക്കേകോട്ട ഭാഗത്തുനിന്ന് വലിയതുറ ഭാഗത്തേക്ക് മെറ്റിൽഡ കെ.എസ്ആർ.ടി.സി ബസിൽ സഞ്ചരിക്കവെ ബസിലുണ്ടായിരുന്ന രണ്ടംഗസംഘം ഇവരുടെ മാല കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. മോഷണമുതലുമായി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കവെ യാത്രക്കാർ ഇരുവരെയും തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. വലിയതുറ സി.ഐ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
