ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷിന്റെ പരാതി; വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പൊലീസ്

251

 ആക്ഷൻ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ് അറിയിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്‌ന സുരേഷ് നൽകിയ പരാതിയിൽ ബംഗളൂരു കെആർ പുരം പോലീസാണ് വിജേഷിനെതിരെ കേസെടുത്തത്. വിജേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഹാജരാകാൻ വാട്‌സ്ആപ്പിൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വിജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ കേരള പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജേഷ് പിള്ള. താൻ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരു പോലീസിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി. വിജേഷിനെതിരെ ശിക്ഷാ നിയമത്തിലെ 506 വകുപ്പ് പ്രകാരം ഭീഷണിപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകൾ പിൻവലിച്ച് രാജ്യം വിട്ടില്ലെങ്കിൽ വിജേഷ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന ആരോപിക്കുന്നു. വിജേഷിനെ അയച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണെന്നും അവർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാൻ വിജേഷ് 30 കോടി രൂപ വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു.

Share this story