Times Kerala

സുരക്ഷിതത്വവും ശുദ്ധവുമായ ഇ - കുക്കിംഗിലേക്ക് സമൂഹം മാറണം

 
സുരക്ഷിതത്വവും ശുദ്ധവുമായ ഇ - കുക്കിംഗിലേക്ക് സമൂഹം മാറണം

നൂതനത്വവും സുരക്ഷിതത്വവും നൽകുന്ന ഇ-കുക്കിംഗ് സാമൂഹിക സ്വാധീനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഊർജമേളയിലെ പാനൽ ചർച്ച ശ്രദ്ധേയമായി. 75% ഗ്രാമീണരും 25% നഗരവാസികളും ഇപ്പോഴും ഖരരൂപത്തിലുള്ള ഇന്ധനമാണ് രാജ്യത്ത് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് എൻ ഐ എ എസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. രുദ്രോദീപ് മജുംദാർ പറഞ്ഞു. ആളുകൾ ഈ രീതിയിൽ നിന്ന് മാറാൻ മാനസികമായി തയ്യാറായിട്ടില്ല.  വൈദ്യുതി ഉപയോഗിച്ചുള്ള പാചകം നടത്തുന്നതിനായി പുതിയ പാത്രങ്ങൾ വാങ്ങുക ,വീട്ടിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തുക തുടങ്ങിയവ ചെയ്യേണ്ടി വരുന്നത് സാമ്പത്തികമായി പ്രയാസം ഉണ്ടാക്കുന്നുണ്ട്. വൈദ്യുതി ഉപയോഗിച്ചിട്ടുള്ള പാചകത്തിനോട് വിമുഖത കാണിക്കുന്നതിന് ഇതും കാരണമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇ-പാചകരീതി സുരക്ഷിതമാണെന്ന വിശ്വാസം ജനങ്ങൾക്ക് കൈവന്നിട്ടില്ല. യഥാർത്ഥത്തിൽ ഫല പ്രദമായ ഊർജ്ജ ഉപയോഗം, പാരി സ്ഥിതിക പോഷക മേന്മ എന്നിവയെല്ലാം ഇ -കുക്കിംഗ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കണമെന്ന് ഇന്റർനാഷണൽ കോപ്പർ അസോസിയേഷൻ ഡയറക്ടർ കെ എൻ ഹേമന്ത് കുമാർ അഭിപ്രായപ്പെട്ടു. ഇതിനായി കൃത്യമായ മാർഗരേഖ തയ്യാറാക്കി ഉപഭോക്താക്കൾക്ക് നൽകേണ്ടത് ആവശ്യമാണ്. വൈദ്യുതി ഉപയോഗിച്ച് പാചകം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം പുരപ്പുറ സൗരോർജ്ജ പാനൽ വഴി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗപ്പെടുത്തുന്നതും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദ്വിതീയ ഊർജ ആശ്രയമെന്ന നിലയിലാണ്  ഇ കുക്കിംഗിനെ സമൂഹം കാണുന്നതെന്ന് ടി ടി കെ പ്രസ്റ്റീജ് സീനിയർ വൈസ് പ്രസിഡന്റ് കെ ജി ജോർജ് പറഞ്ഞു. ഈ ചിന്താഗതി മാറണം. ഗ്യാസ് ഉപയോഗിച്ചുള്ള പാചകം സാധ്യമാവാത്ത സാഹചര്യത്തിൽ മാത്രമാണ് ഈ രീതിയെ ഉപയോഗപ്പെടുത്തുന്നത്. ഇത് മാറുന്നതിനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story