എസ്.എൻ.ഡി.പി നേതാവിന്റെ മകന്റെ ഭാര്യവീട്ടിൽ ഭീഷണിക്കത്തും റീത്തും
May 24, 2023, 20:34 IST

വടകര: എസ്.എൻ.ഡി.പി വടകര യൂനിയൻ സെക്രട്ടറി പി.എം. രവീന്ദ്രന്റെ മകൻ റൂബിന്റെ ഭാര്യ വീട്ടിൽ വീണ്ടും അതിക്രമം. വീട്ടുമുറ്റത്ത് റീത്തും ഭീഷണിക്കത്തും കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ 12.25 ഓടെ കീഴൽ ചെക്കോട്ടി ബസാറിലെ വൈശാഖിൽ കൃഷ്ണദാസിന്റെ വീട്ടിന്റെ മുറ്റത്താണ് റീത്തും ഭീഷണിക്കത്തും വീട്ടിന് പുറത്ത് നിന്നും ബൈക്കിൽ മുഖം മൂടിയണിഞ്ഞെത്തി എറിഞ്ഞത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. യൂനിയൻ സെക്രട്ടറി സ്ഥാനം രാജിവെച്ചൊഴിയാനും ഇല്ലെങ്കിൽ മകളുടെ ഭർത്താവിന്റെ വലതുകൈ വെട്ടുമെന്നും ഈ കാര്യങ്ങളെല്ലാം ചെയ്തിരിക്കുമെന്നും ഇനി ഒരറിയിപ്പ് ഉണ്ടാകില്ലെന്നും ഭീഷണിക്കത്തിൽ പറയുന്നു. ഇത് മൂന്നാം തവണയാണ് വീടിന് നേരെ അതിക്രമം ഉണ്ടാകുന്നത്. ഒരുതവണ വീടിന്റെ ജനൽചില്ലുകളും പിന്നീട് വീട്ടിൽ നിർത്തിയിട്ട കാറും എറിഞ്ഞു തകർത്തിരുന്നു. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.