തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അടിയന്തര യോഗം വിളിച്ചു. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കേസുകളിൽ പാമ്പുകടിക്കുള്ള സാധ്യത കൂടി കർശനമായി പരിശോധിക്കണമെന്ന് ആശുപത്രികൾക്ക് നിർദ്ദേശം നൽകി.(Snakebite deaths are increasing in the state, Health Department calls meeting of DMOs)
അടുത്തിടെ റിപ്പോർട്ട് ചെയ്ത മൂന്ന് മരണങ്ങളിലും ആദ്യഘട്ടത്തിൽ പാമ്പുകടി സ്ഥിരീകരിക്കാൻ കഴിയാഞ്ഞത് ഗൗരവകരമായാണ് ആരോഗ്യവകുപ്പ് കാണുന്നത്. പലപ്പോഴും മരണം സംഭവിച്ച ശേഷമാണ് പാമ്പുകടിയാണെന്ന വിവരം പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു.
രോഗികൾ വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിൽ പോലും പാമ്പുകടിക്കുള്ള സാധ്യത തള്ളിക്കളയരുത്. വേനൽ കടുത്തതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർദ്ധിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് ആശുപത്രികൾ പ്രത്യേക ജാഗ്രത പുലർത്തണം. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആന്റിവെനം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മരുന്നിന് ക്ഷാമമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മൂന്ന് ജീവനുകൾ നഷ്ടമായത്. തൃശ്ശൂർ കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേൽക്കുകയും എട്ടു വയസ്സുകാരനായ ആൽജോ മരിക്കുകയും ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴിൽ ഇന്നലെ പുലർച്ചെ ഉറക്കത്തിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് എട്ടു വയസ്സുകാരനായ ദിക്ഷൽ മരണപ്പെട്ടു. കായംകുളത്ത് വിവാഹ സൽക്കാരത്തിന് എത്തിയ 42 വയസ്സുകാരി സെലീന ഇന്ന് പാമ്പുകടിയേറ്റ് മരിച്ചു. ഈ സംഭവങ്ങളിൽ ആശുപത്രികൾ പാമ്പുകടി തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണം കുടുംബാംഗങ്ങൾ ഉയർത്തിയിരുന്നു.

