വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികളെ ശിക്ഷിക്കാൻ പെന്റഗൺ കടുത്ത നടപടികൾ ആലോചിക്കുന്നതായി റിപ്പോർട്ട് (US Suspending Spain NATO). സ്പെയിനിനെ സഖ്യത്തിൽ നിന്ന് താൽക്കാലികമായി പുറത്താക്കുക, ഫാൽക്ക്‌ലാൻഡ് ദ്വീപിന്മേലുള്ള ബ്രിട്ടന്റെ അവകാശവാദത്തിലുള്ള യുഎസ് പിന്തുണ പുനഃപരിശോധിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പെന്റഗണിന്റെ ആഭ്യന്തര ഇമെയിലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇറാൻ യുദ്ധത്തിനായി തങ്ങളുടെ വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിനിലെ സോഷ്യലിസ്റ്റ് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് സ്പെയിനിനെ സഖ്യത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നീക്കം. റോഡ, മൊറോൺ എന്നിവിടങ്ങളിൽ അമേരിക്കയ്ക്ക് പ്രധാന സൈനിക താവളങ്ങളുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. യുഎസ് നീക്കങ്ങളോട് പൂർണ്ണമായി സഹകരിക്കാത്ത സാഹചര്യത്തിൽ, ബ്രിട്ടന്റെ അധീനതയിലുള്ള ഫാൽക്ക്‌ലാൻഡ് ദ്വീപിന്മേലുള്ള അർജന്റീനയുടെ അവകാശവാദം യുഎസ് പിന്തുണച്ചേക്കും. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ഹാവിയർ മിലിയാണ് നിലവിൽ അർജന്റീന പ്രസിഡന്റ്.
ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ രാജ്യങ്ങൾ തങ്ങളുടെ നാവികസേനയെ അയക്കാത്തതിനെ ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു. 76 വർഷം പഴക്കമുള്ള നാറ്റോ സഖ്യത്തിൽ നിന്ന് അമേരിക്ക പിന്മാറുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നുണ്ടെന്ന് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നു. അമേരിക്ക ചെയ്ത കാര്യങ്ങൾക്കൊന്നും സഖ്യകക്ഷികൾ പകരമായി ഒന്നും ചെയ്തില്ലെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി കിംഗ്‌സ്ലി വിൽസൺ പറഞ്ഞു. നാറ്റോ രാജ്യങ്ങൾ വെറും ‘പേപ്പർ ടൈഗറുകൾ’ മാത്രമായി മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഖ്യകക്ഷികൾ അമേരിക്കയുടെ സൗകര്യങ്ങൾ മാത്രം ഉപയോഗപ്പെടുത്തുകയും ആവശ്യമുള്ളപ്പോൾ ഒപ്പം നിൽക്കാതിരിക്കുകയും ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇത് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Summary: An internal Pentagon email has proposed options to penalize NATO allies that failed to support U.S. operations in the war with Iran. The proposals include suspending Spain from the alliance for refusing airspace and base access, and reviewing the U.S. diplomatic support for the UK’s claim to the Falkland Islands. President Donald Trump has been highly critical of allies for their reluctance to join the naval blockade in the Strait of Hormuz and has even suggested a potential U.S. withdrawal from NATO. These measures aim to signal that NATO is not a “one-way street” and to reduce the European allies’ perceived “sense of entitlement.”

