കടയില്‍ അതിക്രമിച്ചുകയറി ആക്രമണം; ഉടമക്ക് പരിക്ക്
May 27, 2023, 10:02 IST

എരുമപ്പെട്ടി: കടയില്‍ അതിക്രമിച്ചുകയറി ഉടമയെ ആക്രമിച്ച് പരിക്കേല്പിച്ചു. ചിറ്റണ്ട മൃഗാശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പാര്‍വതി സ്റ്റോഴ്സ് ഉടമ കടലശ്ശേരി വീട്ടില്‍ സനൂപിനാണ് (40) പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചയോടെ കടയിലെത്തിയ ആക്രമി സനൂപിനെ ആക്രമിക്കുന്നതിനിടയില്‍ ഓടിയെത്തിയ ഭാര്യ സനുവിനേയും മർദിച്ചിട്ടുണ്ട്. കടയിലെ സാധനങ്ങള്‍ വലിച്ചുവാരിയിടുകയും കടയില്‍ സൂക്ഷിച്ചിരുന്ന പണം എടുക്കുകയും സനുവിന്റെ കാതില്‍ കിടന്നിരുന്ന കമ്മൽ പറിച്ചെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തലക്കും കൈക്കും കാലിനും പരിക്കേറ്റ സനൂപിനെ ആദ്യം വടക്കാഞ്ചേരി ജില്ല ആശുപത്രിയിലും പിന്നീട് അത്താണി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്കി.