തിരുവനന്തപുരം ലോ കോളജില്‍ അധ്യാപകരെ ഉപരോധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; എങ്ങുമെത്താതെ ചര്‍ച്ചകള്‍
Fri, 17 Mar 2023

എസ്എഫ്‌ഐ പ്രവര്‍ത്തകരെ അകാരണമായി പുറത്താക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരം ലോ കോളേജില്‍ അധ്യാപകരെ എസ്എഫ്‌ഐ ഉപരോധിക്കുന്നു. രാത്രിയും അധ്യാപകരെ പുറത്തു പോകാന്‍ അനുവദിക്കാതെയാണ് എസ്എഫ്‌ഐയുടെ ഉപരോധം. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെഎസ്‌യു -എസ്എഫ്‌ഐ സംഘര്‍ഷം നടന്നതിനെ തുടർന്ന് 24 വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 24 പേരും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. അക്രമത്തില്‍ ഉള്‍പ്പെട്ട കെഎസ്‌യു വിദ്യാര്‍ത്ഥികളെ ഒഴിവാക്കി കോളജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം അച്ചടക്ക നടപടി സ്വീകരിച്ചെന്നാണ് എസ്എഫ്‌ഐയുടെ പ്രധാന ആരോപണം.
കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെയാണ് നടപടിയെന്നാണ് കോളജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ തെളിവുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. പ്രിന്‍സിപ്പലും മാനേജ്‌മെന്റും വിദ്യാര്‍ത്ഥി നേതാക്കളും പൊലീസും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. കോളജിലെ നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പ്രതിഷേധത്തില്‍ പങ്കെടുക്കുകയാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതിനാലാണ് പ്രതിഷേധം ഇപ്പോഴും നീളുന്നത്. പ്രതിഷേധം ഇനിയും നീണ്ടുപോകാനാണ് സാധ്യത.