ടോറസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
May 20, 2023, 08:46 IST

മല്ലപ്പള്ളി: ടോറസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. പാടിമൺ ഇലവനോലിക്കൽ ഓലിക്കൽ പാറയിൽ ചാക്കോ വർഗീസിന്റെ മകൻ ജിബിൻ ചാക്കോ വർഗീസാണ് (22) മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെ മല്ലപ്പള്ളി – റാന്നി റോഡിൽ അംബിപ്പടിക്ക് സമീപം ആണ് അപകടം സംഭവിച്ചത്. കോളജിൽ പോയി വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ മല്ലപ്പള്ളി ഭാഗത്തേക്കു വന്ന ടോറസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുവാറ്റ സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനം ജിബിൻ പൂർത്തിയാക്കിയിരുന്നു. പഠനം പൂർത്തിയാക്കിയ ജിബിൻ അടുത്തയാഴ്ച ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു.
