സസ്നേഹം തൃശൂർ: ബയ് ബാക്ക് പദ്ധതിക്ക് തുടക്കമായി

സസ്നേഹം തൃശ്ശൂരിന്റെ കീഴിൽ നടക്കുന്ന ബയ് ബാക്ക് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർ നിർമിച്ച പേപ്പർബാഗുകളും തുണിസഞ്ചികളും ജില്ലാ കളക്ടർ ഹരിത വി കുമാർ സെഡാർ എംഡി അലോക് തോമസ് പോളിന് കൈമാറി.
ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനവും ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തലുമാണ് ബയ് ബാക്ക് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. അസോസിയേഷൻ ഓഫ് മെന്റലി ഹാൻഡികാപ്ഡ് അഡൽറ്റ്സ് (അംഹ), സെഡാർ റീറ്റെയ്ൽ എന്നിവയുടെ സഹകരണത്തോടെ ബയ് ബാക്ക് പദ്ധതിയുടെ പൈലറ്റ് ഘട്ടം പൂർത്തിയാക്കി. അംഹയിലെ അന്തേവാസികൾക്ക് പേപ്പർബാഗ്, തുണിസഞ്ചി നിർമാണത്തിലും പരിശീലനം നൽകി. ഉത്പന്നങ്ങൾ ഏറ്റെടുക്കാൻ സെഡാർ റീറ്റെയ്ൽ തയ്യാറായി. പദ്ധതി വിജയമായതിനെ തുടർന്ന് കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കൂടുതൽ വിപണി കണ്ടെത്തുന്നതിനും ശ്രമിക്കുമെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ പറഞ്ഞു. അടുത്ത ഘട്ടത്തിൽ ഉത്പാദനവും വർധിപ്പിക്കും. നിലവിൽ മൂന്നു ബാച്ച് ഉത്പന്നങ്ങൾ കൈമാറിക്കഴിഞ്ഞു. സസ്നേഹം തൃശൂർ എന്ന പദ്ധതി ആസൂത്രണം ചെയ്യുമ്പോൾ ആദ്യംതന്നെ മനസ്സിലുണ്ടായിരുന്ന ആശയം അത് ഭിന്നശേഷിക്കാർക്ക് മാത്രമായുള്ള പദ്ധതിയാവരുതെന്നും ഉൾച്ചേർക്കലിൻറെ ആശയം ഉൾക്കൊള്ളണമെന്നും ആയിരുന്നു. അത്തരത്തിൽ പൊതുജീവിതത്തിലേക്ക് ഭിന്നശേഷിക്കാരെ കൂടി ചേർക്കുന്ന തരത്തിൽ പൊതു ഇടങ്ങളും ഉത്സവാഘോഷങ്ങളും വിപണിയും തൊഴിലിടവുമെല്ലാം മാറുന്നതിനാണ് ശ്രമിക്കുന്നത്. ഇൻക്ലൂസിവ് ആയ ഒരു തൃശൂർ പൂരം ഇത്തവണ ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു.
ചടങ്ങിൽ മഹാത്മാ ഗാന്ധി നാഷണൽ ഫെല്ലോ സോണൽ കുരുവിള പദ്ധതി വിശദീകരിച്ചു. ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, അസിസ്റ്റന്റ് കളക്ടർ വി എം ജയകൃഷ്ണൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ സ്കിൽ കോഓർഡിനേറ്റർ ടി ആർ മോസസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, അംഹ പ്രിൻസിപ്പൽ ഭാനുമതി ടീച്ചർ, അംഹയിലെ അന്തേവാസികൾ, സെഡാർ പ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.