ഒ.എൽ.എക്സിൽ കണ്ട മൊബൈൽ വാങ്ങാനെത്തി കവർച്ച; പ്രതി പിടിയിൽ
Fri, 26 May 2023

കൊച്ചി: ആപ്പിൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കുന്നത്തുനാട് ചേലമറ്റം ഒക്കൽ സ്രാമ്പിക്കൽ ഹാദിൽഷയാണ് (27) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺ വിൽക്കാൻ കാക്കനാട് സ്വദേശി ഒ.എൽ.എക്സിൽ നൽകിയ പരസ്യം കണ്ട് ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി നോക്കാനായി വാങ്ങിയശേഷം തട്ടിപ്പറിച്ച് കാറിൽ കടന്നുകളയുകയായിരുന്നു ഇയാൾ.
ഫോണിന്റെ ഉടമസ്ഥന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി പെരുമ്പാവൂരിൽ ഉണ്ടെന്ന് വിവരം ലഭിക്കുകയും തുടർന്ന് നേരിട്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പ പ്രകാരമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.