Times Kerala

 ചിന്നക്കനാല്‍ ആദിവാസി പുനരധിവാസ മേഖലയിലെ കൈയേറ്റം ഒഴിപ്പിച്ച് റവന്യൂ വകുപ്പ്

 
crime
 ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്ത് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന് തിരിച്ചിട്ടിരുന്ന പ്ലോട്ടുകളിലെ അനധികൃത കയ്യേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു. എൽ സി മത്തായി കൂനംമാക്കൽ, മത്തായി കൂനംമാക്കൽ എന്നിവർ ചേർന്ന് കൈയേറിയിരുന്ന 8.9 ഏക്കർ സ്ഥലവും ,സി. പാൽരാജ് കയ്യേറിയിരുന്ന 4.7 ഏക്കർ സ്ഥലവുമാണ് ഒഴിപ്പിച്ചത്. പാൽരാജ് ആനയിറങ്കൽ ജലാശയത്തിന്റെ ക്യാച്ച് മെൻറ് ഏരിയയിലും കയ്യേറ്റം നടത്തിയതായി കണ്ടെത്തിയിരുന്നു. കയ്യേറ്റം ഒഴിഞ്ഞു പോകുന്നതിന് 2021ൽ ഉടുമ്പൻചോല തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു. പാൽരാജ് മരണപ്പെട്ടുപോയതിനാൽ മകൻ ജയപാലിനാണ് നിയമപ്രകാരമുള്ള നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റിയ ശേഷവും ഒഴിയാത്തതിനെത്തുടർന്ന് രണ്ടു ദിവസത്തിനകം കയ്യേറ്റം ഒഴിയണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും നോട്ടീസ് നൽകി. തുടർന്ന് ജില്ലാ കളക്ടർ ഷീബ ജോർജിൻ്റെ നിർദേശ പ്രകാരം ഉടുമ്പൻചോല തഹസിൽദാറിന്റെ നേതൃത്വത്തിൽ ഇന്ന് ഒഴിപ്പിക്കൽ നടപടികൾ പൂർത്തീകരിച്ച് സ്ഥലം സർക്കാർ ഏറ്റെടുത്തു . അനധികൃത കയ്യേറ്റം ഒഴിയണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസിനെതിരെ പ്രസ്തുത വ്യക്തികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ നൽകിയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണമെന്നായിരുന്നു കോടതി വിധി. വീണ്ടെടുത്ത ഭൂമി ഭൂരഹിതരായ ആദിവാസികൾക്ക് നൽകുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും, അനധികൃതകൈയ്യേറ്റങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related Topics

Share this story