തൃക്കൂരിൽ എസ്എംഎസ് റോഡ് നവീകരണം; 80 ലക്ഷം രൂപയ്ക്ക് ഭരണാനുമതി
Sep 17, 2023, 23:50 IST

നവീകരണത്തിന് ഒരുങ്ങി തൃക്കൂർ ഗ്രാമപഞ്ചായത്തിലെ എസ്എംഎസ് റോഡ്. 80 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചുവെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. ഇതിനായി എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും 80 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
മതിക്കുന്ന് കിണർ ജംഗ്ഷൻ മുതൽ 890 മീറ്ററാണ് നവീകരിക്കുന്നത്. 200 മീറ്റർ കോൺക്രീറ്റിങ്ങും 200 മീറ്റർ ഇന്റർലോക്ക് കട്ടവിരിക്കലും ബാക്കിയുള്ള ഭാഗം ടാറിങ്ങും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് എസ് എം എസ് റോഡ്.

തൃക്കൂർ മുട്ടൻസ് സെന്റർ മുതൽ മാവേലിപുരം വരെ മുഖ്യമന്ത്രിയുടെ പ്രത്യേക റോഡ് വികസന ഫണ്ടിൽ നിന്നും ലഭിച്ച 80 ലക്ഷവും, മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപയും ഉപയോഗിച്ച് മുൻപ് നവീകരണം നടത്തിയിരുന്നു. ബാക്കി പ്രവർത്തിക്കാണ് അനുമതിയായത്.