സിസ തോമസിന് ആശ്വാസം; സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടിക്ക് സ്റ്റേ
Mar 17, 2023, 18:11 IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വിസി ഡോ. സിസ തോമസിനുള്ള കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർനടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ തോമസ് നൽകിയ ഹർജിയിലാണ് നടപടി സ്വീകരിച്ചത്. സർക്കാർ അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തതിന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. സിസ തോമസിന്റെ നടപടി കേരള സർവീസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റദൂഷ്യവുമാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കി 15 ദിവസത്തിനകം സർക്കാരിന് മറുപടി നൽകണമെന്നുമാണ് നോട്ടീസിൽ വ്യക്തമാക്കിയത്. അതേസമയം നോട്ടീസിനു മറുപടി നൽകാൻ സിസയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. സർക്കാർ വിശദമായ സത്യവാങ്മൂലവും നൽകണം. കേസ് മാർച്ച് 23 ന് വീണ്ടും പരിഗണിക്കും.