‘യുവാവുമായുള്ള ബന്ധം പലതവണ വിലക്കി, അനുസരിച്ചില്ല, കഴുത്തിൽ തുടരെ വെട്ടി’; ജാൻ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊഴി

 ‘യുവാവുമായുള്ള ബന്ധം പലതവണ വിലക്കി, അനുസരിച്ചില്ല, കഴുത്തിൽ തുടരെ വെട്ടി’; ജാൻ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊഴി 
 പാലക്കാട്: പെരുവെമ്പ് ജാൻ ബീവി വധക്കേസിൽ പ്രതിയുടെ മൊഴി പുറത്ത്.  യുവാവുമായുള്ള സൗഹൃദം ഒഴിവാക്കണമെന്ന് നിരവധി തവണ വിലക്കിയിട്ടും അനുസരിക്കാത്തതാണ് ജാൻ ബീവിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് കൂടെ താമസിച്ചിരുന്ന ബഷീർ എന്ന അയ്യപ്പൻ പൊലീസിന് നൽകിയ മൊഴി. മുൻപും ജാൻ ബീവിയെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാഹചര്യം അനുകൂലമായില്ല. ജോലിക്കായി സഞ്ചിയിൽ കരുതിയിരുന്ന വെട്ടുകത്തിയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും തെളിവെടുപ്പിനിടെ ബഷീര്‍ പറഞ്ഞു. ജാൻ ബീവിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലാണ് മതം മാറിയത്. വിവാഹം കഴിക്കാമെന്ന് പറയുമ്പോഴെല്ലാം ജാൻ ബീവി ഒഴിഞ്ഞുമാറി.ഫോണിലെ വിവരങ്ങൾ പരിശോധിക്കുമ്പോഴാണ് യുവാവുമായുള്ള ബന്ധം തെളിഞ്ഞത്. പിന്നീട് കൊലപ്പെടുത്തുക മാത്രമായി ലക്ഷ്യം. പത്ത് വർഷം ഒരുമിച്ചുണ്ടായിട്ടും കബളിപ്പിക്കുകയാണെന്ന തിരിച്ചറിവാണ് തന്നെ അരും കൊലക്ക് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു കൊലയുണ്ടായ സ്ഥലത്ത് എത്തിച്ചുള്ള വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. 

Share this story