റവന്യൂ മന്ത്രിയുടെ നിർദേശം അവഗണിച്ച് തെന്മലയിൽ റെയിൽവേയുടെ കുടിയൊഴിക്കൽ
Thu, 25 May 2023

പുനലൂർ: റവന്യൂ മന്ത്രിയുടെ നിർദേശം അവഗണിച്ച് തെന്മലയിൽ റെയിൽവേയുടെ കുടിയൊഴിപ്പിക്കൽ. തെന്മല ജങ്ഷനിൽ റെയിൽവേ പുറമ്പോക്കിൽ വർഷങ്ങളായി താൽക്കാലിക കടകൾ നടത്തിയിരുന്ന നാലുപേരുടെ കടകൾ ബുധനാഴ്ച പൊളിച്ചുനീക്കി. മണികണ്ഠൻ, സുശീല, വസന്ത, ശാന്ത എന്നിവരുടെ കടകളാണ് പൊളിച്ചുമാറ്റിയത്. റവന്യൂ മന്ത്രി റെയിൽവേ അധികൃതർക്ക് മുമ്പ് നൽകിയ നിർദേശത്തിന് വിരുദ്ധമായാണ് ബുധനാഴ്ച തെന്മലയിൽ കടകൾ പൊളിച്ചത്. പുനലൂർ-ചെങ്കോട്ട റെയിൽ പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി കടകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കടക്കാർക്ക് റെയിൽവേ മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് റെയിൽവേ പൊലീസിന്റെ സന്നാഹത്തോടുകൂടി കടകൾ നീക്കം ചെയ്തത്.
അടുത്തിടെ കഴുതുരുട്ടിയിലും വീടിന്റെ മുൻവശം പൊളിക്കാൻ റെയിൽവേ അധികൃതർ എത്തിയിരുന്നു. എന്നാൽ, വീട്ടുടമ ഹൈക്കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് നേടിയതിനാൽ നടപടിയുണ്ടായില്ല.