ക്വട്ടേഷൻ സംഘത്തലവൻ എം.ഡി.എം.എയുമായി പിടിയിൽ: ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
Fri, 17 Mar 2023

ചങ്ങനാശ്ശേരി: ക്വട്ടേഷൻ സംഘത്തലവൻ എം.ഡി.എം.എയുമായി അറസ്റ്റിൽ. പായിപ്പാട് കൊച്ചുപറമ്പിൽ റിയാസ് മോനെയാണ് (ചാച്ചപ്പൻ -34) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരാതിയിൽ നിന്നും 23 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് വൻതോതിൽ കടത്തിക്കൊണ്ടു വന്ന എം.ഡി.എം.എ സമൂഹമാധ്യമങ്ങൾ വഴിയാണ് വിതരണം ചെയ്തിരുന്നത്. കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
വീട്ടിലെ അലമാരയിലെ സേഫ് ലോക്കറിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. അതിരാവിലെ വീട് വളഞ്ഞ എക്സൈസ് സംഘത്തിന് നേരെ പ്രതി മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രിവന്റിവ് ഓഫീസർ കെ. രാജീവിന്റെ ഇടതു കൈയുടെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു. മറ്റ് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.