കരിപ്പൂരിലേക്ക് പോകേണ്ട സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയതിൽ പ്രതിഷേധം

കരിപ്പൂരിലേക്ക് പോകേണ്ട സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയതിൽ പ്രതിഷേധം. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറന്നുയർന്ന വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നെടുമ്പാശേരിയിൽ ഇറങ്ങേണ്ടി വന്നതെന്നാണ് സ്‌പൈസ് ജെറ്റ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ വിമാനത്താവളം മാറ്റുന്നതിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്. പല യാത്രക്കാരും വിമാനത്തിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. സ്‌പൈസ് ജെറ്റ് ബസ് സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിട്ടും യാത്രക്കാർ അനങ്ങിയില്ല. ലഗേജുമായി ബസിൽ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വിമാനക്കമ്പനി മുന്നോട്ടുവച്ച നിർദേശം യാത്രക്കാർ നിരസിച്ചു. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനം വൈകിയാണ് ജിദ്ദയിൽ നിന്ന് പുറപ്പെട്ടതെന്ന് യാത്രക്കാർ അറിയിച്ചു.