ലഹരിവേട്ട ശക്തമാക്കി പൊലീസ്; നാലുമാസത്തിനിടെ 598 കേസ്, 789 അറസ്റ്റ്
May 20, 2023, 09:58 IST

കോഴിക്കോട്: ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നാലുമാസത്തിനിടെ സിറ്റി പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത് 598 കേസുകൾ. 789 പേരാണ് ഇത്രയും കേസുകളിലായി അറസ്റ്റിലായത്. ജനുവരി മുതൽ ഏപ്രിൽവരെയാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മയക്കുമരുന്ന് വേട്ട ശക്തമാക്കി നാർകോട്ടിക് സെൽ അസി. കമീഷണറുടെ കീഴിലെ ഡെൻസാഫ് സ്ക്വാഡിന്റെയും ലോക്കൽ പൊലീസിന്റെയും സംയുക്ത ഓപറേഷനിൽ ഇക്കാലയളവിൽ 47.23 കിലോ കഞ്ചാവും 868.917 ഗ്രാം എം.ഡി.എം.എയും 44.71 ഗ്രാം ബ്രൗൺഷുഗറും 18.07 ഗ്രാം ഹാഷിഷും 794 ഗ്രാം ഹാഷിഷ് ഓയിലും 0.16 ഗ്രാം എൽ.എസ്.ഡിയുമാണ് പിടിച്ചെടുത്തിട്ടുണ്ട്.
സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം നഗരപരിധയിൽ ലഹരിവേട്ട ശക്തമാക്കിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു അറിയിച്ചു. കുട്ടികളുടെ ഇടയിൽ ലഹരിമരുന്ന് വിതരണം വ്യാപകമായതിനാൽ പലരും ഡൻസാഫിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണത്തിലാണ്.