നാല് കരിങ്കല്‍ ക്വാറികളില്‍ പൊലീസ് പരിശോധന; പിടികൂടിയത് വന്‍ സ്ഫോടകവസ്തു ശേഖരം

news
 

മലപ്പുറം : ജില്ലയിലെ കൊണ്ടോട്ടിയിലെ നാല് കരിങ്കല്‍ ക്വാറികളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. അനധികൃതമായി പ്രവര്‍ത്തിച്ച ക്വാറികളിലും വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായാണ് അധികൃതർ നൽകുന്ന വിവരം. മാത്രമല്ല,  കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രവര്‍ത്തിക്കാനുളള ലൈസന്‍സ് കാലാവധി അവസാനിച്ച ക്വറികളും അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.പരിശോധനയിൽ പുളിക്കല്‍ പറവൂരിലെ ക്വാറികളില്‍ നിന്ന് 800 ജലാറ്റിന്‍ സ്റ്റിക്കുകളും 360 സേഫ്റ്റി ഫ്യൂസും 250 ഡറ്റണേറ്ററും 100 പ്ലെയിന്‍ ഡറ്റണേറ്ററുമാണ് പിടികൂടിയത്. കരിങ്കല്ല് പൊട്ടിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളും ലോറിയും പിടിച്ചെടുത്തിട്ടുണ്ട്.അനധികൃത ക്വാറികളില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ ലൈസന്‍സുളള ക്വാറികളിലേക്ക് മാറ്റി. അനധികൃത ക്വാറികളിലെ സ്ഫോടക വസ്തു ശേഖരത്തെക്കുറിച്ച് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. എസ്.ഐ. കെ.ഫസില്‍ റഹമാന്‍റെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസും ഡാന്‍സാഫ്  സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ജില്ലയിലെ ക്വാറികളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും. 


 

Share this story