സര്‍ക്കാരിന്റെ വാര്‍ഷികം ജനങ്ങള്‍ ഉത്സവമാക്കി : അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ വിലയിരുത്തുന്നതിന്റെ തെളിവാണ് വാര്‍ഷികത്തെ ജനങ്ങള്‍ ഉത്സവമാക്കി മാറ്റിയതെന്ന് അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണനയുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ .സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് നടപ്പിലാക്കാന്‍ കഴിയുന്നു എന്നതാണ് വാര്‍ഷിക പരിപാടി ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കാരണം. ഒരാഴ്ച നീണ്ടു നിന്ന പ്രദര്‍ശന വിപണനമേള കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ നടത്താന്‍ സാധിച്ചു.
എല്ലാ പരിപാടികളിലും കൂടുതല്‍ ജന പങ്കാളിത്തം ഉണ്ടായി. പശ്ചാത്തല സൗകര്യവികസനം, അതിദാരിദ്ര നിര്‍മാര്‍ജനമടക്കം ജനജീവിതവുമായി ബന്ധപ്പെടുന്ന വസ്തുതകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പരിപാടികള്‍ മേളയിലൂടെ ജനങ്ങള്‍ മനസിലാക്കി. ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍, പുതിയ വ്യവസായ സംരംഭങ്ങള്‍, കിഫ്ബി മുഖേന നടപ്പിലാക്കുന്ന പുതിയ സംരംഭങ്ങള്‍ തുടങ്ങി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന നിലയിലാണ് സര്‍ക്കാര്‍ ഇക്കാലമത്രയും മുന്നോട്ട് പോയത്. ഇത് പരിപാടികളിലെ ജനപങ്കാളിത്തം വിളിച്ചറിയിക്കുന്നു. തുടര്‍ച്ചയായി ജനപക്ഷത്ത് നിന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. അതിന് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ് തുടര്‍ ഭരണവും ഓരോ പരിപാടികളുടെ വിജയവും. വളരെ മനോഹരമായും കുറ്റമറ്റതുമായ രീതിയില്‍ മേള നടത്താന്‍ സാധിച്ചു എന്നും എംഎല്‍ എ പറഞ്ഞു.