Times Kerala

 പറവൂർ - ചിറ്റാറ്റുകര പാലം നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന് ദേശീയപാത അതോറിറ്റി

 
 പറവൂർ - ചിറ്റാറ്റുകര പാലം നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന് ദേശീയപാത അതോറിറ്റി
 ദേശീയപാത 66 ല്‍ നിര്‍മ്മിക്കുന്ന പറവൂർ - ചിറ്റാറ്റുകര പാലത്തിന്റെ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് പാലിക്കാതെ പാലം നിര്‍മ്മിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ ഇക്കാര്യമറിയിച്ചത്. ദേശീയ പാത അതോറിറ്റിക്ക് പുറമേ ഇറിഗേഷന്‍ വകുപ്പ്, പറവൂര്‍ നഗരസഭ, ചിറ്റാറ്റുകര പഞ്ചായത്ത്, മുസ്‌രിസ് പൈതൃക പദ്ധതി അധികൃതരും യോഗത്തില്‍ പങ്കെടുത്തു. 
ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിര്‍മ്മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. 
ദേശീയ പാത 66 ല്‍ പറവൂര്‍ പുഴയുടെ മുകളിലൂടെ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണമാണ് നിര്‍ത്തിവെക്കുന്നത്. ജലസ്രോതസുകള്‍ക്ക് മുകളിലൂടെ നിര്‍മ്മിക്കുന്ന പാലത്തിന് അഞ്ച് മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് വേണമെന്നാണ് നിയമം. എന്നാല്‍ ഇത് 2.3 മീറ്റര്‍ മാത്രമേയുളളൂ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story