ഓ​ണ്‍​ലൈ​ൻ ക്ലാ​സ്: എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​കം, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

sivan
 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും ഓ​ൺ​ലൈ​നി​ലേ​ക്കു മാ​റ്റി​യ​ത് സ്വ​കാ​ര്യ, അ​ൺ എ​യ്ഡ​ഡ് അ​ട​ക്ക​മു​ള്ള എ​ല്ലാ സ്കൂ​ളു​ക​ൾ‌​ക്കും ബാ​ധ​ക​മാ​ണെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മു​ണ്ടാ​കി​ല്ല. 10, 11, 12 ക്ലാ​സു​ക​ൾ‌ സ്കൂ​ളു​ക​ളി​ൽ ത​ന്നെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ഴു​ള്ള കോ​വി​ഡ് മാ​ർ​ഗ​രേ​ഖ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ത​യാ​റെ​ടു​പ്പു​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ പ​കു​തി​യോ​ളം പൂ​ർ​ത്തി​യാ​യ​താ​യും ബാ​ക്കി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ ത​ന്നെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സംസ്‌ഥാനത്ത്  തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്.കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകനയോഗത്തിൽ  ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി  നിർദ്ദേശിച്ചു.

സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും.സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും  ഓൺലൈൻ ആയി നടത്തേണ്ടതാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം.   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.

എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും  പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിൽ ജനുവരി 16 മുതൽ നേരത്തെ ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി  നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും.ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണ്.10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Share this story