വണ്‍ ടേബിള്‍ വണ്‍ ചെയര്‍ "പുന്നപ്ര തെക്ക് പഞ്ചായത്തിലെ ക്ലാസ് മുറികള്‍ ഇനി അന്താരാഷ്ട്ര നിലവാരത്തില്‍

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ ഇനി അന്താരാഷ്ട്ര നിലവാരത്തില്‍ ഇരുന്ന് പാഠങ്ങള്‍ പഠിക്കും. പഞ്ചായത്തിന്റെ വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതിയുടെ ഭാഗമായി ഇവിടത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും അന്താരാഷ്ട്ര നിലവാരത്തില്‍ ക്ലാസ് മുറികള്‍ ഒരുക്കി നല്‍കിയിരിക്കുകയാണ് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. ഒരു പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായി വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്തെന്ന നേട്ടവും ഇതോടെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന് സ്വന്തം. 73.61 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ എല്‍.പി., യു.പി. സ്‌കൂളുകളില്‍ വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി ആരംഭിച്ചതും പുന്നപ്ര തെക്ക് പഞ്ചായത്താണ്.

ഗവ.സി.വൈ.എം.എ. യു.പി. സ്‌കൂളില്‍ 61 മേശയും കസേരയും, ഗവ. ജെ.ബി. സ്‌കൂളില്‍ 599, ഗവ. മുസ്ലീം എല്‍.പി. സ്‌കൂളില്‍ 206 എന്നിങ്ങനെയാണ് നല്‍കിയത്. സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും (866 പേര്‍ക്ക്) ഈ സൗകര്യം നല്‍കി. അധ്യാപകര്‍ക്കും പ്രത്യേകം മേശയും കസേരയും ഒരുക്കിയിട്ടുണ്ട്. 2020-21ലാണ് പദ്ധതി ആരംഭിച്ചത്.
പൊതുജന പങ്കാളിത്തത്തോടെ മറ്റു സ്‌കൂളുകളിലും കുട്ടികള്‍ക്കായി മേശയും കസേരയും ഒരുക്കുക എന്ന ലക്ഷ്യത്തോടെ 13.50 ലക്ഷം രൂപ ചെലവഴിച്ച് പുന്നപ്ര ബീച്ച് എല്‍.പി. സ്‌കൂളിലെ 194 കുട്ടികള്‍ക്കും പുന്നപ്ര തെക്ക് പഞ്ചായത്ത് മേശയും കസേരയും നല്‍കി. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയെന്ന സര്‍ക്കാര്‍ കാഴ്ചപ്പാടാണ് ഇതിലൂടെ പഞ്ചായത്ത് കൈവരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് പറഞ്ഞു.