ശമ്പളത്തിന്റെ രണ്ടാം ഗഡു നൽകാൻ പണമില്ല: സർക്കാരിൽ നിന്ന് 70 കോടി ആവശ്യപ്പെട്ട് കെഎസ്ആർടിസി

241

കെഎസ്ആർടിസിക്ക് സർക്കാർ ഇതുവരെ ധനസഹായം നൽകാത്തതിനാൽ ഫെബ്രുവരിയിലെ കെഎസ്ആർടിസി ജീവനക്കാരുടെ രണ്ടാം ഗഡു ശമ്പളവിതരണം അനിശ്ചിതത്വത്തിലായി. ശമ്പളത്തിന്റെ ആദ്യ ഗഡു നേരത്തെ നൽകിയിരുന്നു. ജനുവരിയിൽ 20 കോടിയും ഫെബ്രുവരിയിൽ 50 കോടിയും ഉൾപ്പെടെ 70 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി.ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ബിഎംഎസ് സമരത്തിനൊരുങ്ങുകയാണ്. ശമ്പളം ഉടൻ നൽകിയില്ലെങ്കിൽ ടിഡിഎഫും സമരത്തിനിറങ്ങും.

എന്നാൽ നിലവിലെ സാഹചര്യത്തിൽ സമരം ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് സിഐടിയു നേതൃത്വത്തിലുള്ള എംപ്ലോയീസ് അസോസിയേഷൻ. മാർച്ച് 18ന് മൂന്ന് അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കൾ യോഗം ചേർന്ന് സംയുക്ത പണിമുടക്കിന് ധാരണയായേക്കും.ജീവനക്കാരുടെ അഭ്യർത്ഥന മാനിച്ച് രണ്ട് ഗഡുക്കളായി ശമ്പളം നൽകാൻ തീരുമാനിച്ചതായി കെഎസ്ആർടിസി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആദ്യ ആഴ്‌ചയിൽ തന്നെ ശമ്പളം നൽകുക, അതിലൂടെ അവർക്ക് ബാങ്ക് കുടിശ്ശികയും മറ്റും തിരികെ നൽകാം. ഒരു ജീവനക്കാർക്കും ശമ്പളം നിഷേധിക്കില്ലെന്നും കോടതിയെ അറിയിച്ചു.

Share this story