സംസ്ഥാനത്ത് ഒബിസി പട്ടികയിലേക്ക് പുതിയ സമുദായങ്ങളെ ഉൾപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗ (ഒ.ബി.സി) പട്ടിക വിപുലീകരിക്കാനുള്ള തീരുമാനവുമായി മന്ത്രിസഭ. രണ്ട് സമുദായങ്ങളെ ഉൾപ്പെടുത്താനും നിലവിലുള്ള സമുദായങ്ങളുടെ പരിധിയിലേക്ക് അനുബന്ധ വിഭാഗങ്ങളെ ഉൾചേർക്കാനുമാണ് തീരുമാനം.
പട്ടികയിലുള്ള സേനൈ തലവർ എന്ന സമുദായ പദം സേനൈതലൈവർ, ഇലവാണിയർ, ഇലവാണിയ എന്ന് മാറ്റം വരുത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് പാർക്കവകുലം സമുദായത്തെ പട്ടികയിൽ ഉൾപ്പെടുത്തും. ദാസ സമുദായവും ഇനി ഒ.ബി.സി പട്ടികയിലാകും. ‘ചക്കാല’ എന്നത് ‘ചക്കാല’, ‘ചക്കാല നായർ’ എന്നാക്കാനും പണ്ഡിതാർസ് എന്നത് പണ്ഡിതാർസ് അല്ലെങ്കിൽ പണ്ഡിതർ എന്നാക്കും. ഇത് കൂടാതെ, എസ്.ഐ.യു.സി ഒഴികെ ക്രിസ്തുമത വിഭാഗത്തിൽപെടുന്ന നാടാർ സമുദായക്കാർക്ക് അനുവദിക്കുന്ന എസ്.ഇ.ബി.സി വിദ്യാഭ്യാസ ആനുകൂല്യം തുടർന്നും നൽകാനാണ് തീരുമാനം..

സൗത്ത് ഇന്ത്യൻ യുനൈറ്റഡ് ചർച്ച് വിഭാഗത്തിൽ (എസ്.ഐ.യു.സി) പെടാത്ത നാടാർ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ 2021ൽ തീരുമാനിച്ചിരുന്നു. ഇത് പിന്നീട് കോടതി സ്റ്റേ ചെയ്യുകയുണ്ടായി.