Times Kerala

 നീലക്കുറിഞ്ഞി ജൈവവൈവിധ്യ
പഠനോത്സവും ക്വിസ് മത്സരവും

 
 അറിവിന്റെ ആഗോളമലയാളി സംഗമവുമായി കേരളീയം മെഗാ ഓൺലൈൻ ക്വിസ്
 ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കും. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നത്.
മേയ് ഏഴിന് ബ്ലോക്കുതലത്തിലും 10ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 20 മുതല്‍ മൂന്നു ദിവസം അടിമാലിയില്‍ പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 7,8,9 ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഹരിതകേരളം മിഷന്‍ ജില്ലാ ഓഫീസുകള്‍ വഴിയും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയും വിശദവിവരങ്ങള്‍ അറിയാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നടത്താം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റും നല്‍കും.
ബ്ലോക്ക്-ജില്ലാതലത്തില്‍ നടക്കുന്ന ക്വിസ് പരിപാടിയില്‍ വിദ്യാകിരണം മിഷന്റെ സഹകരണം ഉണ്ടാകും. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്. ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്നതിന് കുട്ടികള്‍ക്കുള്ള താമസവും ഭക്ഷണവും ഉള്‍പ്പെടെ സൗജന്യമായിരിക്കും. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തി ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പുകള്‍ എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് സംഘടിപ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു.

Related Topics

Share this story