Times Kerala

 എന്‍ഡിയ പാര്‍ട്ണേഴ്സ് കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറില്‍ നിക്ഷേപം നടത്തി

 
 എന്‍ഡിയ പാര്‍ട്ണേഴ്സ് കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറില്‍ നിക്ഷേപം നടത്തി
 

കൊച്ചി: അര്‍ബുദ ചികിത്സയ്ക്ക് ഊന്നല്‍ നല്കി ആരോഗ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറില്‍ ഇന്ത്യയിലെ പ്രമുഖ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളിലൊന്നായ എന്‍ഡിയ പാര്‍ട്ണേഴ്സ് നിക്ഷേപം നടത്തി. സാങ്കേതികവിദ്യ, ആരോഗ്യസേവനം, ലൈഫ് സയന്‍സസ് രംഗത്ത് ശ്രദ്ധയൂന്നിയിരിക്കുന്ന എന്‍ഡിയയുടെ നിക്ഷേപത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍ സ്റ്റാര്‍ട്ടപ്പ് നിലവില്‍ ടാറ്റ ഗ്രൂപ്പ്, റിലയന്‍സ് ഡിജിറ്റല്‍ ഹെല്‍ത്ത്, റാക്കൂട്ടന്‍ മെഡിക്കല്‍ എന്നിവയ്ക്കു പുറമെ പ്രമുഖ വ്യവസായികളായ രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.

 അര്‍ബുദ ചികിത്സാ ശൃംഖലാ മാതൃക ഇന്ത്യയില്‍ വ്യാപിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തുന്ന കാര്‍ക്കിനോസ് അര്‍ബുദ രോഗികളുടെ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഗുണമേന്മയുള്ള സേവനം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്ത്യക്കാര്‍ക്ക് പത്ത് പേരില്‍ ഒരാള്‍ക്ക് ജീവിതകാലത്ത് എപ്പോഴെങ്കിലും അര്‍ബുദം വരാനുളള സാധ്യതയുണ്ട്. ഇന്ത്യയില്‍ അര്‍ബുദങ്ങളില്‍ 70 ശതമാനവും വൈകി മാത്രം തിരിച്ചറിയുന്നതിനാല്‍ ആരോഗ്യ സ്ഥിതി മോശമാവുകയും അതിജീവനനിരക്ക് കുറയുകയും ചെയ്യുന്നു.

 ഉയര്‍ന്ന അനുഭവപരിചയമുള്ള ആരോഗ്യസംഘത്തിന്‍റെ നേതൃത്വത്തിലാണ് കേരളത്തില്‍ കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പരിപാടി. അര്‍ബുദചികിത്സാ രംഗത്തെ വിവിധ ആരോഗ്യസേവന സ്ഥാപനങ്ങളുമായും പ്രഫഷണലുകളുമായും ചേര്‍ന്നാണ് മികച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിജയകരമായി അര്‍ബുദ ചികിത്സാ സേവനം രോഗികള്‍ക്ക് ലഭ്യമാക്കുന്നത്. അര്‍ബുദത്തിനായുള്ള മോളിക്കുലാര്‍ പരിശോധനകളും ഇമ്യൂണോഹിസ്റ്റോ കെമിസ്ട്രി പരിശോധനകളും ഉള്‍പ്പെടെ ലോകോത്തര രോഗനിര്‍ണയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കൊച്ചിയില്‍ സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കാന്‍സര്‍ ഡയഗ്നോസ്റ്റിക്സ് എന്ന സ്ഥാപനം സ്ഥാപിച്ചിട്ടുണ്ട്. അര്‍ബുദ സേവനരംഗത്ത് ഏറ്റവും മികച്ച രീതികള്‍ പിന്തുടരുന്നതിനായി യുകെയിലെ ഗൈസ്, സെന്‍റ് തോമസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവയുമായി ധാരണയിലുമായിട്ടുണ്ട്.

എഐ ഇന്‍ റേഡിയോളജി, എഐ ഇന്‍ പതോളജി, സെല്‍ തെറാപ്പിയും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രമേഹചികിത്സ, റിവേഴ്സല്‍ പ്രോഗ്രാം എന്നിവ ഉള്‍പ്പെടെ ഡിജിറ്റല്‍ ഹെല്‍ത്ത് രംഗത്ത് മുന്‍നിര നിക്ഷേപകരാണ് എന്‍ഡിയ പാര്‍ട്ണേഴ്സ് എന്ന് കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍ സ്ഥാപകനും സിഇഒയുമായ ആര്‍. വെങ്കട്ടരമണന്‍ പറഞ്ഞു.

കാര്‍ക്കിനോസിന്‍റെ ദൗത്യത്തില്‍ പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് എന്‍ഡിയ പാര്‍ട്ണേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. രമേഷ് ബൈരപ്പനേനി ചൂണ്ടിക്കാട്ടി.

Related Topics

Share this story