ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ സംസ്ഥാന പോലീസിന് വീഴ്ച പറ്റിയെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ

ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ സംസ്ഥാന പോലീസിന് വീഴ്ച പറ്റിയെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ഡോ.വന്ദന ദാസിന് നേരെയുണ്ടായ ആക്രമണം തടയാൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് യഥാസമയം ഇടപെടാൻ കഴിഞ്ഞില്ലെന്നും അവർ വിമർശിച്ചു. പോലീസ് ഇടപെടലിൽ പ്രശ്‌നങ്ങളുണ്ടെന്നും അക്രമിയെ പിടികൂടാൻ ആരും ശ്രമിച്ചില്ലെന്നും രേഖ ശർമ്മ ആരോപിച്ചു.
വന്ദനയെ രക്ഷിക്കാൻ സ്ഥലത്തുണ്ടായിരുന്ന ആരും ശ്രമിച്ചില്ല. പരിക്കേറ്റിട്ടും സന്ദീപ് ഡോക്ടറെ ആക്രമിക്കുന്നത് തടയാൻ നാല് പേർക്ക് കഴിഞ്ഞില്ല. രക്ഷിക്കണമെന്ന് വന്ദന നിലവിളിച്ചിട്ടും ആരും രക്ഷിക്കാൻ എത്തിയില്ലെന്നും അവർ പറഞ്ഞു. ആക്രമണം നടന്ന ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകാതെ ദൂരെയുള്ള ആശുപത്രിയിലേക്ക് ചികിൽസ മാറ്റാൻ തീരുമാനിച്ചത് ആരുടെയാണെന്നും രേഖ ശർമ ചോദിച്ചു. ഡോ.വന്ദന ദാസിന്റെ മരണത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനെ കാണുമെന്നും അവർ അറിയിച്ചു. പോലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾ അതൃപ്തരാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രേഖ ശർമ്മ കൂട്ടിച്ചേർത്തു.