താഴ്ചയിലേക്കു മറിഞ്ഞ കാറിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു; പിന്നാലെ ഒഴുക്കിൽപെട്ടു; 100 മീറ്ററോളം ഒഴുകിയ യുവതി പുല്ലില്‍ പിടിച്ചു രക്ഷപ്പെട്ടു

 താഴ്ചയിലേക്കു മറിഞ്ഞ കാറിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു; പിന്നാലെ ഒഴുക്കിൽപെട്ടു; 100 മീറ്ററോളം ഒഴുകിയ യുവതി പുല്ലില്‍ പിടിച്ചു രക്ഷപ്പെട്ടു
 ചെറുതോണി: നിയന്ത്രണം വിട്ട് 70 മീറ്ററോളം താഴ്ചയിലേക്കു കാര്‍ മറിഞ്ഞു. അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട യുവതി പരിഭ്രാന്തിയില്‍ കാറില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാലുതെറ്റി പുഴയില്‍ വീണു. തുടർന്ന് ശക്തമായ ഒഴുക്കില്‍പ്പെട്ട യുവതി 100 മീറ്ററോളം ഒഴുകിയശേഷം പുല്ലില്‍ പിടിച്ചു തലനാരിഴക്ക് മരണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ചെറുതോണി സ്വദേശിനി അനു മഹേശ്വരന്‍ ആണ് മരണത്തെ തോല്‍പ്പിച്ച്‌ ജീവിതത്തിലേക്ക് തിരികെ കയറിയത്. തങ്കമണിയിൽനിന്നു ചെറുതോണിയിലെ വീട്ടിലേക്കു പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിനു സമീപമാണു വ്യാഴാഴ്ച രാത്രി 7.30ന് അപകടത്തിൽപെട്ടത്. കാറിൽ മറ്റാരുമില്ലായിരുന്നു. എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ വാഹനത്തിൽ ഇടിക്കാതെ കാർ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു പുഴയോരത്തേക്കു കാർ പലവട്ടം മറിഞ്ഞു വീണു. കാറിൽനിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്.ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം തോട്ടിലൂടെ ഒഴുകിയെങ്കിലും തോട്ടിലെ പുല്ലിൽ പിടിച്ചു കരകയറിയ അനു ചെന്നെത്തിയത് മരിയാപുരം പിഎച്ച്സിയുടെ പിന്നിലേക്കായിരുന്നു. 

Share this story