മാർ പൗവ്വത്തിലിന്റെ വിയോഗത്തിൽ മുഖ്യന്ത്രി അനുശോചിച്ചു
Sat, 18 Mar 2023

തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്റെ വിയോഗം വിശ്വാസസമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദൈവശാസ്ത്ര വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സിബിസിഐയുടെയും കെസിബിസിയുടെയും പ്രസിഡന്റ്, ഇന്റർ ചർച്ച് കൗൺസിൽ സ്ഥാപക ചെയർമാൻ, സിബിസിഐ എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ എന്നിങ്ങനെ നിരവധി സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. പൗവ്വത്തിൽ പിതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും സഭയെയും വിശ്വാസസമൂഹത്തെയും അനുശോചനം അറിയിക്കുന്നു. ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.