Times Kerala

 തൊഴിലുറപ്പ് പദ്ധതിയിൽ ദുർവിനിയോഗം: കർശന നടപടിക്ക് ഓംബുഡ്സ്മാൻ ഉത്തരവ്

 
 തൊഴിലുറപ്പ് പദ്ധതി:  നിഷേധിക്കപ്പെട്ട തൊഴില്‍ ദിനങ്ങളും വേതനവും  ഉടന്‍ ലഭ്യമാക്കണം: ഓംബുഡ്സ്മാന്‍
 

തൃശൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അവണൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ദുർവിനിയോഗം ചെയ്ത തുക തിരിച്ചുപിടിക്കുന്നതിനും ക്രമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണക്കാരായ ജീവനക്കാർക്കെതിരെ  കർശന നടപടി സ്വീകരിക്കാനും ജില്ലാ ഓംബുഡ്സ്മാൻ ഉത്തരവിട്ടു.

2020 - 2021 സാമ്പത്തിക വർഷത്തിൽ പതിമൂന്നാം വാർഡിൽ നടപ്പിലാക്കിയ 'കണ്ടംകുളം പുനരുദ്ധാരണം' എന്ന പ്രവൃത്തിയിലാണ് തുക ദുർവിനിയോഗം കണ്ടെത്തിയത്. ഈ പ്രവൃത്തിക്കായി വിതരണം ചെയ്ത അഞ്ച് മസ്റ്റർ റോളുകൾ പ്രകാരം 13 തൊഴിലാളികളുടെ വ്യാജ ഒപ്പ് ചാർത്തി തൊഴിൽ ചെയ്യാത്ത 13 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ദിവസത്തെ കൂലിയായി 1,13,490 രൂപ നൽകിയതായി കണ്ടെത്തിയിരുന്നു. ചെയ്യാത്ത പ്രവൃത്തിയുടെ പേരിൽ 3500 രൂപയും പണിയായുധ വാടകയിനത്തിൽ 2058 രൂപയും ചെലവിട്ടതായും കണ്ടെത്തി. ആകെ ദുർവിനിയോഗം ചെയ്ത 1,19,048 രൂപ അവണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി എം ജയന്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍ പി വിനു, ഹെഡ് ക്ലാര്‍ക്ക് എ കെ ലളിത, കരാര്‍ ജീവനക്കാരായ അക്രഡിറ്റഡ് എഞ്ചിനീയര്‍ എം ആര്‍ പ്രീതി, ഓവര്‍സീയര്‍ കെ എസ് ബിന്ദു, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് എ ജി സംഗീത), സ്പില്‍ ഓവര്‍ പ്രവൃത്തിയുടെ വര്‍ക്കിംഗ് മേറ്റായിരുന്ന സി വൈ ജാക്സൺ എന്നിവരോട് തിരിച്ചടയ്ക്കാൻ ജില്ലാ ഓംബുഡ്സ്മാൻ അഡ്വ.വി അബ്ദുൾ അസീസ് ആഗസ്റ്റ് 26ന് ഉത്തരവിട്ടിരുന്നു.

ഉത്തരവിനെതിരെ നൽകിയ അപ്പീൽ അപ്പലേറ്റ് അതോറിട്ടി തള്ളിക്കളയുകയും ദുർവിനിയോഗം ചെയ്ത തുക കൈമാറിയ തീയ്യതി മുതൽ തിരിച്ചടക്കുന്ന തീയ്യതി വരെ 12 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കുന്നതിനും ക്രമവിരുദ്ധ നടപടിക്ക് കാരണക്കാരായ ഗ്രാമപഞ്ചായത്ത് ജീവനക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ക്രമവിരുദ്ധമായ നടപടിക്ക് കാരണക്കാരായ കരാർ ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടിസ്വീകരിക്കുന്നതിന് അവണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇത് ഉറപ്പ് വരുത്തുവാൻ തൃശൂർ ജില്ലാ പ്രോഗ്രാം ഓഡിനേറ്ററോട് നിർദ്ദേശിച്ചു. പ്രവൃത്തിക്ക് മസ്റ്റർ റോൾ അനുവദിച്ച ശേഷം ക്രമപ്രകാരം പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ പുഴക്കൽ ബ്ലോക്ക് പ്ലോഗ്രാം ഓഫീസർ, ജോയിന്റ് ബി ഡി ഒ, ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദ്ദേശം നൽകികൊണ്ട് ജില്ലാ ഓംബുഡ്സ്മാൻ അഡ്വ.വി അബ്ദുൾ അസീസ് ഉത്തരവിട്ടു.

Related Topics

Share this story