പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Jan 30, 2024, 20:56 IST
കുന്ദമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി തെക്കെപുരയിൽ ടി.കെ. അജ്മൽ ആണ് (24) കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. ഇയാൾ ഇപ്പോൾ താമസിക്കുന്നത് മുക്കത്താണ്. കഴിഞ്ഞ 26ന് വീട്ടിൽനിന്ന് മാതാവിനോട് വഴക്കിട്ട് ഇറങ്ങിപ്പോയ 14കാരിയെ ഇയാൾ തന്റെ മുക്കത്തുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാവ് പൊലീസ് സ്റ്റേഷനിൽ വന്നപ്പോഴാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതും ഇയാളെ മുക്കത്തുനിന്ന് പൊലീസ് പിടികൂടുന്നതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.